സഭയിൽ ഉന്നയിച്ച അടിസ്ഥാനപ്രശ്നങ്ങൾ

രാജ്യസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെയും അടിയന്തിര വിഷയങ്ങളിലെ പരാമര്‍ശത്തിലൂടെയും ഹ്രസ്വ ചര്‍ച്ച, ബില്‍ ചര്‍ച്ച, ബജറ്റ് ചര്‍ച്ചകള്‍ തുടങ്ങിയവയിലൂടെയും വിവിധ വിഷയങ്ങളിൽ ഇടപെട്ടു സംസാരിക്കാന്‍ എനിക്ക് കിട്ടിയ അവസരങ്ങളിൽ ഞാന്‍ എന്‍റെ കഴിവിനനുസരിച്ച് സംഭാവന നൽകിയിട്ടുണ്ട്. നമ്മുടെ  രാജ്യത്ത് സ്ത്രീകള്‍ക്കും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിനാല്‍ പലതവണ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെയും ‘സീറോ അവര്‍’ പരാമര്‍ശത്തിലൂടെയും മറ്റും ഈ വിഷയം സഭയില്‍ ഉയര്‍ത്തിയിരുന്നു.. ഇതില്‍ ഏറ്റവും പ്രാധാന്യമേറിയത് ഡല്‍ഹിയില്‍ നടന്ന ‘നിര്‍ഭയ’ സംഭവത്തെ തുടര്‍ന്നു ക്രിമിനല്‍ ശിക്ഷാനിയമത്തിലെ ഭേദഗതി ബില്ലിന്‍റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കാന്‍ കിട്ടിയ അവസരമാണ്. ബില്ലില്‍ സി.പി.ഐ.എം ഉള്‍പ്പെടെ ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെങ്കില്‍  അന്വേഷണത്തിന്‍റെ ആദ്യഘട്ടം മുതല്‍ വിചാരണകാലം മുഴുവന്‍ പോലീസ് ഉള്‍പ്പെടെയുള്ള നീതിന്യായ സംവിധാനം ജാഗ്രതയോടെ കേസുകള്‍ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഞാന്‍ എന്‍റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

ഞാന്‍ പങ്കെടുത്ത മറ്റൊരു പ്രധാന ചര്‍ച്ച ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ടതായിരുന്നു. ഭക്ഷ്യ-പൊതുവിതരണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍ ഈ ബില്ലിന്റെ നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടം മുതല്‍ ഞാന്‍ ബന്ധപ്പെട്ടിരുന്നു. സ്ഥിരംസമിതിയുടെ റിപ്പോര്‍ട്ടില്‍ റേഷന്‍ നല്‍കുന്നതില്‍ ടാര്‍ഗറ്റിംഗിലൂടെ ഗുണഭോക്താക്കളുടെ എണ്ണം പരിമിതമാക്കുന്ന സമ്പ്രദായം ഒഴിവാക്കി സാര്‍വത്രിക റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുള്‍പ്പെടെ രേഖപ്പെടുത്തിക്കൊണ്ടുള്ള  വിയോജനക്കുറിപ്പും നല്‍കിയിരുന്നു. സഭയിലെ ചര്‍ച്ചയിലും ഈ ആശങ്കകള്‍ ഞാന്‍ ഉയര്‍ത്തി.

മറ്റൊരു മറക്കാനാവാത്ത അനുഭവം അട്ടപ്പാടിയിലെ അമ്മമാരുടെ ദുരിതത്തെപ്പറ്റി ഞാന്‍ ഹിന്ദിയില്‍ നടത്തിയ പ്രസംഗമായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി ശിശുക്കളുടെ മരണം അമ്മമാരുടെ പോഷകാഹാരക്കുറവു കൊണ്ടല്ല എന്ന സംസ്ഥാനസര്‍ക്കാര്‍ വാദത്തിലെ പൊള്ളത്തരം തുറന്നു കാണിക്കാനും അവിടത്തെ പരമ്പരാഗത ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ മൂലം എങ്ങനെ ആദിവാസികള്‍ക്ക് തൊഴിലും വരുമാനവും ഇല്ലാതായി എന്നു സഭയെ ബോധ്യപ്പെടുത്താനും എനിക്ക് കഴിഞ്ഞു.(അതോടൊപ്പം ഹിന്ദിയില്‍ നന്നായി സംസാരിച്ചു എന്ന് എല്ലാ ഭാഗത്തും നിന്നുമുള്ള അംഗങ്ങള്‍ അഭിനന്ദിക്കുകയും ഉണ്ടായി).

എന്‍റെ അവസാനത്തെ വിടവാങ്ങലിനു മുന്‍പ് 2016 മാര്‍ച്ച്‌ 10 ന് രാജ്യസഭയില്‍ നടന്ന 2016-17ലെ റയില്‍വേ ബജറ്റ് ചര്‍ച്ചയിലെ പ്രസംഗം ഞാന്‍ എന്‍റെ ‘മാതൃഭാഷ’യിലാണ് ചെയ്തത്. കേരളത്തിലെ റയില്‍വേ വികസനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി മുടന്തി നീങ്ങുന്നതും നടപ്പാകാത്തതുമായ പദ്ധതികളിലേക്കും നേമം ടെര്‍മിനല്‍ ഉള്‍പ്പെടെ തിരുവനന്തപുരം ഡിവിഷന്‍ വികസനാവശ്യത്തിലേക്കും വീണ്ടും ശ്രദ്ധ ക്ഷണിക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗിച്ചു.