TN Seema-sഡോ. ടി.എന്‍.സീമ

സി പി ഐ.എം സംസ്ഥാന കമ്മിറ്റി അംഗം. 2010 മുതല്‍ ആറുവര്‍ഷം കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം ആയിരുന്നു (3.4.2010- 2.4.2016).

ജനനം
പി.നാരായണന്‍നായരുടേയും മാനസിദേവിയുടെയും മകളാണ്. 1963ല്‍ ജനിച്ചു.

വിദ്യാഭാസം

എറണാകുളത്ത് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മഹാരാജാസ് കോളേജില്‍ നിന്നും മലയാളസാഹിത്യത്തില്‍ ബിരുദവും (1983) തിരുവനന്തപുരത്ത് കേരള സര്‍വകലാശാല മലയാളവിഭാഗത്തില്‍ നിന്നും രണ്ടാം റാങ്കോടെ എം.എ ബിരുദവും (1985) നേടി.സി.വി രാമന്‍പിള്ളയുടെ ചരിത്രനോവലുകളെ ആസ്പദമാക്കിയുള്ള ഗവേഷണത്തിന് 1994ല്‍ കേരള സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി ബിരുദം ലഭിച്ചു.ഡോ.പി.വി.വേലായുധന്‍ പിള്ളയായിരുന്നു ഗൈഡ്.2003-ല്‍ നെതര്‍ലന്‍ഡ്‌സിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും’ദരിദ്രര്‍ക്കുള്ള സാര്‍വത്രിക സാമൂഹ്യസുരക്ഷ’ യില്‍ ഡിപ്ലോമ നേടി.

അധ്യാപിക
1991 മുതല്‍ 17 വര്‍ഷം കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളിലും (1995-96ല്‍ ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയിലും) മലയാളം അധ്യാപികയായിരുന്നു.  2008ല്‍ സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍ ആയിരിക്കെ  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ജോലി രാജിവെച്ചു.

1996 മുതല്‍ അഞ്ചുവര്‍ഷം സംസ്ഥാന ആസൂത്രണബോര്‍ഡില്‍ ജനകീയാസൂത്രണ പരിപാടിയുടെയും സ്ത്രീശാക്തീകരണ പരിശീലനത്തിന്‍റെയും കണ്‍സള്‍ട്ടന്ടായും ഫാക്കല്‍ട്ടിയായും ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചു.  2007-11ല്‍ സംസ്ഥാന ജെന്‍ഡര്‍ അഡ്വൈസറി ബോര്‍ഡ്‌ മെമ്പറായും കുടുംബശ്രീ മിഷന്‍ ഗവേണിംഗ് കൌണ്‍സില്‍/ എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗമായും  പ്രവര്‍ത്തിച്ചു.

സംഘടനാ പ്രവര്‍ത്തനം
സ്കൂള്‍ പഠനകാലത്ത് ബാലസംഘം പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഏറണാകുളം മഹാരാജാസ് കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു. മഹാരാജാസ് കോളേജ് സ്റ്റുഡന്റ്റ്സ് യൂണിയനില്‍ വനിതാ പ്രതിനിധിയായിരുന്നു. 1987 മുതല്‍ മഹിളാ അസോസിയേഷ-ന്‍ പ്രവര്‍ത്തകയായി. സംഘടനയുടെ മണക്കാട് ലോക്കല്‍ സെക്രട്ടറി, ചാല ഏരിയകമ്മിറ്റി സെക്രട്ടറി, തിരുവനന്തപുരം ജില്ലാസെക്രട്ടറി, ജില്ലാപ്രസിഡന്റ്, സംസ്ഥാന ജോയിന്റ്സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007 മുതല്‍ അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്‍റെ കേരള സംസ്ഥാന പ്രസിഡന്‍റ്, 2008 മുതല്‍ ദേശീയ വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

1992ല്‍ സി.പി.ഐ.എം അംഗമായി.  2008-ല്‍ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍  ജോലി രാജിവച്ചു.. 2008 ഫെബ്രുവരിയില്‍ സിപിഐ.എം കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ വച്ച് സംസ്ഥാനകമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2012ലും 2015ലും വീണ്ടും തെരഞ്ഞെടുക്കപെട്ടു.

പഠന- പ്രസിദ്ധീകരണങ്ങള്‍
സി.ഡി.എസില്‍ കെ.ആര്‍.പി.എല്‍.എല്‍.ഡി പ്രോജക്ടിന്റെ ഭാഗമായി അങ്കണവാടികളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും  ഇന്ത്യന്‍ സ്കൂള്‍ ഓഫ് വിമന്‍സ്സ് സ്റ്റഡീസിനു വേണ്ടി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പ്പറ്റിയും പഠനം നടത്തിയിട്ടുണ്ട്. 2008ല്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സംസ്ഥാന വനിതാനയം തയ്യാറാക്കിയ കമ്മിറ്റി അംഗമായിരുന്നു. ലിംഗപദവി പഠനത്തിനുള്ള പരിശീലന പുസ്തകം തയ്യാറാക്കി യിട്ടുണ്ട്.
സ്ത്രീശാക്തീകരണം, ലിംഗപദവി, വികസനം, മാധ്യമപഠനം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജനകീയാസൂത്രണപരിപാടിയുടെ  ഭാഗമായി സംസ്ഥാന ആസൂത്രണബോര്‍ഡ് പ്രസിദ്ധീകരിച്ച  വനിതാ ശാക്തീകരണ- പരിശീലനത്തിനായുള്ള പുസ്തകങ്ങള്‍ എഡിറ്റു ചെയ്തു.  സ്ത്രീശബ്ദം മാസികയുടെ വര്‍ക്കിംഗ് എഡിറ്ററാണ്.

ആദ്യകവിതാസമാഹാരം ഹൃദയഗവേഷണം 2012ല്‍ (മൈത്രിബുക്സ്)പ്രസിദ്ധീകരിച്ചു. പ്രാദേശികാസൂത്രണവും സ്ത്രീകളും (1997), ആഗോള വല്‍കരണവും സ്ത്രീകളും (2005),  “സ്ത്രീകള്‍ക്ക് മേല്‍ ഒരു യുദ്ധം നടക്കുന്നുണ്ട്“ (2015, ചിന്ത പബ്ലിഷേഴ്സ്) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.

മാതാപിതാക്കള്‍/കുടുംബം
അച്ഛന്‍: പി.നാരായണന്‍ നായര്‍ (2006ല്‍ മരിച്ചു); അമ്മ: മാനസിദേവി. രണ്ടുപേരും ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരായി വിരമിച്ചു. സാഹിത്യകാരി കൂടിയായ മാനസിദേവി അഞ്ചു ചെറുകഥാസമാഹാരങ്ങളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുന്‍ എല്‍.ഡി.എഫ് ഗവണ്മെന്റില്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി റ്റീച്ചറുടെ സ്പെഷ്യല്‍ പ്രൈവറ്റ്സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന, ഇപ്പോള്‍ സി-ഡിറ്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി ജോലിചെയ്യുന്ന ജി.ജയരാജാണ് ഭര്‍ത്താവ്. ഏക മകള്‍ അപര്‍ണ മുംബൈ ഐ.ഐ.ടി.യില്‍ ഫിസിക്സില്‍ പി.എച്.ഡി.വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ സലിം കൊച്ചിയില്‍ (ഒറാക്കിള്‍) സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്.

പാര്‍ലമെന്റില്‍
2010 ല്‍ കേരളത്തില്‍ നിന്നുമുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2016 ഏപ്രില്‍ രണ്ടിന് കാലാവധി അവസാനിക്കും.
ഭക്ഷ്യം-പൊതുവിതരണം, ആരോഗ്യം, സ്ത്രീശാക്തീകരണം, ഓഫീസ് ഓഫ് പ്രോഫിറ്റ്, എംപിമാരുടെ പ്രാദേശിക വികസനഫണ്ട് തുടങ്ങിയ പാര്‍ലമെണ്ട് സ്ഥിരംസമിതികളിലും ലൈബ്രറി കമ്മിറ്റിയിലും സിവില്‍ വ്യോമയാനവകുപ്പിന്റെ കൂടിയാലോചന സമിതിയിലും അംഗമായി പ്രവര്‍ത്തിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെയും ദല്‍ഹിയിലെ ‘നിര്‍ഭയ’ സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റ് പാസ്സാക്കിയ ക്രിമിനല്‍ ശിക്ഷാനിയമ ഭേദഗതി ചര്‍ച്ചയിലും ഉള്‍പ്പെടെ പല ശ്രദ്ധേയമായ ഇടപെടലുകളും രാജ്യസഭയില്‍ നടത്തിയിരുന്നു. 2015 മുതല്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്നു.
വിദേശസന്ദര്‍ശനങ്ങള്‍
പാര്‍ലമെണ്ട് അംഗമെന്ന നിലയില്‍ ഉപരാഷ്ട്രപതിയുടെ ഒദ്യോഗികസംഘത്തിന്‍റെ ഭാഗമായി വിയറ്റ്നാമിലും അന്താരാഷ്ട്ര പാര്‍ലമെന്ററിയന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച സഹസ്രാബ്ദ ദാരിദ്ര്യനിര്‍മ്മാര്‍ജന ലക്ഷ്യങ്ങളെ അധികരിച്ച് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന എം.പി.മാരുടെ സമ്മേളനത്തിലും ഇന്ത്യ-പാകിസ്ഥാന്‍ പാര്‍ലമെന്റംഗങ്ങളുടെ സൌഹൃദ സംഘത്തിന്റെ ഭാഗമായി പാകിസ്ഥാനിലും, പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷ സംബന്ധിച്ച് നടന്ന അന്താരാഷ്ട്രസമ്മേളനത്തിനായി ബംഗ്ലാദേശിലും സന്ദര്‍ശനം നടത്തി.